വിശപ്പിന്റെ മഹത്വം

''മനുഷ്യന്‍ നിറയ്ക്കുന്ന എറ്റവും മോശപ്പെട്ട പാത്രമാണ് വയര്‍. അഥവാ നിറവയര്‍ ഏറ്റവും മോശപ്പെട്ട പാത്രമാണ്. തന്റെ ശരീരം നിലനിര്‍ത്തുന്നതിനാവശ്യമായ ഏതാനും പിടി ഭക്ഷണം മതി മനുഷ്യന്. അനിവാര്യമെങ്കില്‍ വയറിന്റെ മൂന്നിലൊരുഭാഗം തന്റെ ഭക്ഷണത്തിനും, മൂന്നിലൊരു ഭാഗം തന്റെ പാനീയത്തിനും, മൂന്നിലൊരു ഭാഗം ശ്വസനസൗകര്യത്തിനുമായി അവന്‍ നീക്കിവെച്ചുകൊള്ളട്ടെ''. (തുര്‍മുദി 2381, ഇബ്‌നുമാജ 3349).

വയറു നിറയ്ക്കുന്നത് എല്ലാ നിലയ്ക്കും ദോഷകരമാണ്. അമിതാഹാരം മനുഷ്യനെ അലസനും മന്ദബുദ്ധിയുമാക്കുന്നു. മാത്രമല്ല, ആരോഗ്യത്തിനു ഹാനികരവും കൂടിയാണത്. പലവിധ രോഗങ്ങള്‍ക്കും അതു നിമിത്തമാകുന്നു. ആവശ്യമില്ലാതെ ഭക്ഷിക്കരുത്. ആവശ്യത്തിനു ഭക്ഷിക്കുമ്പോള്‍ തന്നെ വയറു നിറയ്ക്കരുത്. വെള്ളം കുടിക്കാനും ശ്വസനം നടത്താനും അതു വിഷമം സൃഷ്ടിക്കും. അതുകൊണ്ട് മൂന്നിലൊന്നു ഭക്ഷണത്തിനും, മറ്റൊരു ഭാഗം ജലപാനത്തിനും, അവശേഷിക്കുന്ന ഒരു ഭാഗം ശ്വസന സൗകര്യത്തിനുമായി നീക്കിവയ്ക്കണം.

ആവശ്യം കഴിച്ചു ശിഷ്ടമുള്ളത് സമൂഹത്തിലെ ആവശ്യക്കാര്‍ക്കു നല്‍കേണ്ടതാണ്. അതു ചെയ്യാത്തതുകൊണ്ടാണ് ലോകത്ത് പട്ടിണിയും പട്ടിണിമരണങ്ങളും നടക്കുന്നത്. ''ലോകത്തെ 85 കോടി ജനങ്ങള്‍ ഒഴിഞ്ഞ വയറുമായാണ് ദിനേന അന്തിയുറങ്ങുന്നതെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. നീണ്ട കാത്തിരിപ്പിനുശേഷം വിശപ്പടക്കുന്നതിനു ഒരു പിടി ആഹാരം ലഭിക്കാതെ ദിനേന 24000 പേര്‍ പിടഞ്ഞു മരിക്കുന്നുവെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു''. (മാതൃഭൂമി 2-10-2008). സമ്പത്തും ഭക്ഷ്യവിഭവങ്ങളും കയ്യടക്കിവച്ച സമ്പന്നവിഭാഗത്തിന് ഇവരോടു കനിവു തോന്നുന്നില്ല. അവര്‍ വിശപ്പിന്റെ വേദനയറിയുന്നില്ലെന്നതാണ് അതിന്റെ പ്രധാന
കാരണം.

വിശപ്പിന്റെ വേദന എല്ലാവരുമറിയണം. എങ്കില്‍ വിശന്നു വലയുന്ന സഹജീവികളോടു സഹതാപവും വിശപ്പടക്കാന്‍ ആഹാരം നല്‍കുന്ന സ്രഷ്ടാവിനോടു നന്ദിബോധവും, അനിവാര്യമായും, മനസ്സില്‍ ജന്മം കൊള്ളും. അനുഭവജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം. പക്ഷേ, സമ്പന്നര്‍ ഇതെങ്ങനെ അനുഭവിക്കും? കൈയില്‍ ആഹാരമുണ്ടായിരിക്കെ ബുദ്ധിയുള്ളവരാരെങ്കിലും പട്ടിണി കിടക്കുമോ? അങ്ങനെ പട്ടിണിയാചരിക്കാന്‍ വല്ല അധികാരിയും ആജ്ഞാപിക്കുമോ? അങ്ങനെ ആജ്ഞാപിച്ചാല്‍ തന്നെ ആത്മാര്‍ത്ഥമായി ആരെങ്കിലും അത് അനുസരിക്കുമോ?

അതിനു സ്രഷ്ടാവിന്റെ നിര്‍ബന്ധാജ്ഞ തന്നെ വേണം. അവനറിയാതെ നിയമലംഘനം സാധ്യമല്ല; അവന്‍ സര്‍വ്വജ്ഞനാണല്ലോ. ലംഘനം നടത്തിയാല്‍ അവന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയുമില്ല. അവന്‍ സര്‍വ്വ ശക്തനാണല്ലോ. ഇവ്വിധത്തിലുള്ള ഒരു നിര്‍ബന്ധാജ്ഞയാണ് റംസാന്‍ വ്രതത്തിനുള്ള ആഹ്വാനം. ''വിശ്വാസികളേ നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ക്കു നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭക്തരാകുന്നതിനു വേണ്ടിയത്രെ അത്''. (വിശുദ്ധ ഖുര്‍ആന്‍ 2:183).

Mathruboomi

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites