മാതൃപിതൃ ബന്ധം
കോടമ്പുഴ ബാവ മുസ്‌ലിയാര്‍''ലോകനാഥന്റെ സംതൃപ്തി മാതാപിതാക്കളുടെ സംതൃപ്തിയിലും ലോകനാഥന്റെ ക്രോധം മാതാപിതാക്കളുടെ ക്രോധത്തിലും കുടികൊള്ളുന്നു'' (തുര്‍മുദി 1899). ''അല്ലാഹുവിന്റെ തിരുദൂതരേ, മാതാപിതാക്കളോട് സന്താനങ്ങള്‍ക്കുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്? എന്നൊരാള്‍ ചോദിച്ചു. 'അവര്‍ നിന്റെ സ്വര്‍ഗവും നിന്റെ നരകവുമാണ്'. എന്ന് തിരുമേനി മറുപടി നല്‍കി''. (ഇബ്‌നുമാജ 3662).
മാതാപിതാക്കള്‍ക്കു തങ്ങളുടെ സന്താനങ്ങളോടുള്ള സ്‌നേഹം അതുല്യമാണ്. അതുകൊണ്ട് തന്നെ സന്താനങ്ങള്‍ക്കു വേണ്ടിയുള്ള അവരുടെ ത്യാഗവും അതുല്യമാണ്. ദൈവകാരുണ്യത്തിനു സീമയില്ല. അതുപോലെ, മാതാപിതാക്കളുടെ സ്‌നേഹം മറ്റുള്ളവരുടെ സ്‌നേഹത്തെയപേക്ഷിച്ചു നിസ്സീമമാണ്. ദൈവ കാരുണ്യത്തിനു പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ല, പ്രത്യുപകാരമോ, പ്രതിഫലമോ ഉദ്ദേശിച്ചു കൊണ്ടുളളതല്ല അത്, അതുപോലെ, മറ്റുള്ളവരെയപേക്ഷിച്ചു, മാതാപിതാക്കളുടെ സ്‌നേഹവും, നിഷ്‌കളങ്കവും നിഷ്‌കപടവും നിസ്വാര്‍ത്ഥവുമാണ്. മാതാപിതാക്കളുടെ ത്യാഗത്തിന്റെ ആഴവും പരപ്പും പടച്ച തമ്പുരാന്‍മാത്രമേ അറിയൂ. അതുകൊണ്ട്, അവനെക്കഴിച്ചാല്‍ മനുഷ്യന് ഏറ്റവും വലിയ കടപ്പാട് മാതാപിതാക്കളോടാണുള്ളത്.
ഇക്കാരണത്താലാണ് അല്ലാഹുവോടുള്ള കടപ്പാടിനോടു ചേര്‍ത്തുകൊണ്ട് മാതാപിതാക്കളോടുള്ള കടപ്പാട് വിശുദ്ധ ഖൂര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ''താങ്കളുടെ രക്ഷിതാവ്, തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നും വിധിച്ചിരിക്കുന്നു. അവരിലൊരാളോ അവരിരുവരുമോ താങ്കളുടെ സമീപം, വാര്‍ദ്ധക്യം പ്രാപിക്കാനിടവന്നാല്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്, അവരോട് കയര്‍ത്തു സംസാരിക്കയുമരുത്. അവരോട് മാന്യമായ വാക്കുമാത്രം പറയണം. കാരുണ്യത്താല്‍ വിനയത്തിന്റെ ചിറക് അവര്‍ക്കു താങ്കള്‍ താഴ്ത്തി വെച്ചു കൊടുക്കണം. അവര്‍ക്കു വേണ്ടി, താങ്കള്‍, പ്രാര്‍ത്ഥിക്കുകയും ചെയ്യണം: എന്റെ നാഥാ, ഞാന്‍ കൊച്ചുകുട്ടിയായിരിക്കെ ഇവരിരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ''. (17:23-24).
കേവലമായ സംരക്ഷണമോ ഉപകാരങ്ങളോ അല്ല മാതാപിതാക്കള്‍ക്കു നല്‍കേണ്ടത്. നമ്മുടെ വീട്ടിലെ വളര്‍ത്തു മൃഗങ്ങളോടു നാം കനിവു കാണിക്കുകയും അവയ്ക്കു സംരക്ഷണം നല്‍കുകയും ചെയ്യാറുണ്ട്. അന്ധന്മാര്‍, യാചകര്‍, അഗതികള്‍ തുടങ്ങിയ സഹജീവികളോട് നാം സഹതാപം കാണിക്കുകയും അവരെ സഹായിക്കുകയും ചെയ്യാറുണ്ട്. ഈ രീതിയിലുള്ള ഒരു സംരക്ഷണമോ സഹായമോ അല്ല, മാതാപിതാക്കള്‍ക്കു നല്‍കേണ്ടത് സ്‌നേഹവിനയ ബഹുമാന സമിശ്രമായ സഹായങ്ങളും സംരക്ഷണവുമാണ് അവര്‍ക്കു നാം നല്‍കേണ്ടത്.
മാതാപിതാക്കളോടുള്ള അവഗണന ഏറ്റവും വലിയ നന്ദികേടാണ്. 'എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തുക' എന്നു വിശുദ്ധ ഖുര്‍ആന്‍ (31:14) കല്‍പിച്ചിട്ടുണ്ട്. ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവോട് നന്ദിയുള്ളവനാകില്ലെന്നു നബി തിരുമേനി പ്രസ്താവിച്ചിട്ടുമുണ്ട് (അബൂദാവൂദ് 4811, തുര്‍മുദി 1955). ചുരുക്കത്തില്‍ മാതാപിതാക്കളോടുള്ള അനുസരണം സ്വര്‍ഗപ്രവേശത്തിനും അനുസരണക്കേട് നരകപ്രവേശത്തിനും കാരണമാകും. അതുകൊണ്ടാണ് 'അവര്‍ നിന്റെ സ്വര്‍ഗവും നിന്റെ നരകവുമാണ്' എന്നു നബിതിരുമേനി പ്രസ്താവിച്ചത്.
Mathruboomi





0 comments:
Post a Comment