യാചന അപമാനമാണ്‌

ജനങ്ങളോട് ഒന്നും യാചിക്കുകയില്ലെന്ന് വല്ല വ്യക്തിയും എനിക്കു വാക്കു തന്നാല്‍ അവനു സ്വര്‍ഗമുണ്ടെന്ന് ഞാനും വാക്കു നല്‍കാം (അബൂദാവൂദ് 1643). മോഹം ദാരിദ്ര്യമാണ്, മോഹരാഹിത്യം ഐശ്വര്യമാണ് (മിശ്കാത്ത് 1856). ഒരാള്‍ തന്റെ കയറെടുത്ത് ഒരു കെട്ട് വിറക് തന്റെ ചുമലിലേറ്റി കൊണ്ടുവന്നു വില്‍പന നടത്തുകയും അതു മുഖേന അവന്റെ അഭിമാനമുഖത്തെ അല്ലാഹു സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അതാണ്, ജനങ്ങളോടു യാചിക്കുന്നതിനേക്കാള്‍ അവനുത്തമം. ജനങ്ങള്‍ അവനു നല്‍കാന്‍ സന്നദ്ധരായാലും ഇല്ലെങ്കിലും.
(ബുഖാരി 1471).
യാചന അപമാനകരമായ ഒരു സമ്പ്രദായമാണ്. യാചകരില്‍ ആവശ്യക്കാരുണ്ടാകാം. അതുകൊണ്ട് ഒരു യാചകനെയും നിരാശപ്പെടുത്താന്‍ പാടില്ല. വല്ലതും കൊടുത്തുവിടണം. യാചകനെ വിരട്ടി വിടരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട് (93:10). നബിതിരുമേനി ഒരു യാചകനെയും ശൂന്യഹസ്തനായി മടക്കി വിടാറില്ല. പക്ഷേ, തിരുമേനി യാചനയെ, സദാ, നിരുത്സാഹപ്പെടുത്തുകയും സ്വാശ്രയത്തെയും സഹനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അന്‍സ്വാറുകളിലൊരു വിഭാഗം നബിയോട് ചോദിച്ചു, അവര്‍ക്കു തിരുമേനി കൊടുത്തു. പിന്നീടൊരിക്കല്‍ കൂടി അവര്‍ ചോദിച്ചു. അപ്പോഴും തിരുമേനി കൊടുത്തു. അങ്ങനെ കൈയിലുള്ളതെല്ലാം തീര്‍ന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എന്റെ വശം എന്തുഗുണമുണ്ടെങ്കിലും, അതു നിങ്ങള്‍ക്കു തരാതെ ഞാന്‍ സൂക്ഷിച്ചു വയ്ക്കുകയില്ല. വല്ലവനും ചോദിക്കാതെ വിശുദ്ധി കാംക്ഷിച്ചാല്‍ അല്ലാഹു അവനെ വിശുദ്ധനാക്കും, വല്ലവനും സ്വാശ്രയം കൈകൊണ്ടാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും, വല്ലവനും ക്ഷമയ്ക്കു ശ്രമിച്ചാല്‍ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ക്ഷമയേക്കാള്‍ ഉത്തമവും വിശാലവുമായ ഒരനുഗ്രഹം ഒരാള്‍ക്കും ലഭിച്ചിട്ടില്ല. (ബുഖാരി 1469, മുസ്‌ലിം 1053).

ആരെങ്കിലും തന്നോടു യാചിച്ചാല്‍, ചോദിച്ചത് അയാള്‍ക്ക് മാന്യമായി നല്‍കി മേലില്‍ അയാള്‍ യാചിക്കാതിരിക്കുന്നതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കുക തിരുമേനിയുടെ പതിവായിരുന്നു. ഹകീമുബ്‌നു ഹിസാം എന്ന ശിഷ്യന്‍ ഒരിക്കല്‍ പ്രവാചകനോട് ആവശ്യമുള്ളതു ചോദിച്ചു. അതു തിരുമേനി നല്‍കി. മറ്റൊരു തവണ കൂടി അദ്ദേഹം ആവശ്യമുന്നയിച്ചു. അതു നല്‍കിക്കൊണ്ട്, തിരുമേനി അദ്ദേഹത്തോട് പറഞ്ഞു: ഓ, ഹകീം, ഈ ധനം മധുരവും മനോഹരവുമാണ്. ഉദാരമനസ്‌കകതയോടെ ആരെങ്കിലും അതു കൈപറ്റിയാല്‍ അയാള്‍ക്കു അതില്‍ അഭിവൃദ്ധിയുണ്ടാകും, വ്യാമോഹത്തോടെയാണ് അത് കൈപറ്റുന്നതെങ്കില്‍ അതില്‍ അയാള്‍ക്ക് അഭിവൃദ്ധി നല്‍കപ്പെടുകയില്ല. എത്ര തിന്നാലും വിശപ്പടങ്ങാത്തവനോട് തുല്യനാകുമവന്‍. മേല്‍കയ്യാണ് കീഴ്കയ്യേക്കാളുത്തമം. തദവസരം ഹകീം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെ സത്യവുമായി നിയോഗിച്ചയച്ച പടച്ച തമ്പുരാന്‍ തന്നെ സത്യം, ഞാന്‍, ഇനി, മരണം വരെ ഒരാളോടും ഒന്നും യാചിക്കുകയില്ല. (ബുഖാരി 1472, മുസ്‌ലിം 1035).

ഒരു ദിവസത്തെ ആഹാരത്തിനു വകയുള്ളവന്‍, ഐശ്വര്യവാനാണെന്നും, അങ്ങനെയുള്ള ഐശ്വര്യവാന്‍ യാചിക്കുന്നുവെങ്കില്‍ നരകാഗ്‌നിയില്‍ നിന്നാണ് അവന്‍ സമ്പാദിക്കുന്നതെന്നുമുള്ള തിരുമേനിയുടെ പ്രസ്താവന (അബൂദാവൂദ് 1629) യാചനയോടുള്ള വിരോധത്തെയാണ് കാണിക്കുന്നത്.

Mathruboomi

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites