Showing posts with label നബിവചനം. Show all posts
Showing posts with label നബിവചനം. Show all posts

വിശപ്പിന്റെ മഹത്വം

''മനുഷ്യന്‍ നിറയ്ക്കുന്ന എറ്റവും മോശപ്പെട്ട പാത്രമാണ് വയര്‍. അഥവാ നിറവയര്‍ ഏറ്റവും മോശപ്പെട്ട പാത്രമാണ്. തന്റെ ശരീരം നിലനിര്‍ത്തുന്നതിനാവശ്യമായ ഏതാനും പിടി ഭക്ഷണം മതി മനുഷ്യന്. അനിവാര്യമെങ്കില്‍ വയറിന്റെ മൂന്നിലൊരുഭാഗം തന്റെ ഭക്ഷണത്തിനും, മൂന്നിലൊരു ഭാഗം തന്റെ പാനീയത്തിനും, മൂന്നിലൊരു ഭാഗം ശ്വസനസൗകര്യത്തിനുമായി അവന്‍ നീക്കിവെച്ചുകൊള്ളട്ടെ''. (തുര്‍മുദി 2381, ഇബ്‌നുമാജ 3349).

വയറു നിറയ്ക്കുന്നത് എല്ലാ നിലയ്ക്കും ദോഷകരമാണ്. അമിതാഹാരം മനുഷ്യനെ അലസനും മന്ദബുദ്ധിയുമാക്കുന്നു. മാത്രമല്ല, ആരോഗ്യത്തിനു ഹാനികരവും കൂടിയാണത്. പലവിധ രോഗങ്ങള്‍ക്കും അതു നിമിത്തമാകുന്നു. ആവശ്യമില്ലാതെ ഭക്ഷിക്കരുത്. ആവശ്യത്തിനു ഭക്ഷിക്കുമ്പോള്‍ തന്നെ വയറു നിറയ്ക്കരുത്. വെള്ളം കുടിക്കാനും ശ്വസനം നടത്താനും അതു വിഷമം സൃഷ്ടിക്കും. അതുകൊണ്ട് മൂന്നിലൊന്നു ഭക്ഷണത്തിനും, മറ്റൊരു ഭാഗം ജലപാനത്തിനും, അവശേഷിക്കുന്ന ഒരു ഭാഗം ശ്വസന സൗകര്യത്തിനുമായി നീക്കിവയ്ക്കണം.

ആവശ്യം കഴിച്ചു ശിഷ്ടമുള്ളത് സമൂഹത്തിലെ ആവശ്യക്കാര്‍ക്കു നല്‍കേണ്ടതാണ്. അതു ചെയ്യാത്തതുകൊണ്ടാണ് ലോകത്ത് പട്ടിണിയും പട്ടിണിമരണങ്ങളും നടക്കുന്നത്. ''ലോകത്തെ 85 കോടി ജനങ്ങള്‍ ഒഴിഞ്ഞ വയറുമായാണ് ദിനേന അന്തിയുറങ്ങുന്നതെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. നീണ്ട കാത്തിരിപ്പിനുശേഷം വിശപ്പടക്കുന്നതിനു ഒരു പിടി ആഹാരം ലഭിക്കാതെ ദിനേന 24000 പേര്‍ പിടഞ്ഞു മരിക്കുന്നുവെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു''. (മാതൃഭൂമി 2-10-2008). സമ്പത്തും ഭക്ഷ്യവിഭവങ്ങളും കയ്യടക്കിവച്ച സമ്പന്നവിഭാഗത്തിന് ഇവരോടു കനിവു തോന്നുന്നില്ല. അവര്‍ വിശപ്പിന്റെ വേദനയറിയുന്നില്ലെന്നതാണ് അതിന്റെ പ്രധാന
കാരണം.

വിശപ്പിന്റെ വേദന എല്ലാവരുമറിയണം. എങ്കില്‍ വിശന്നു വലയുന്ന സഹജീവികളോടു സഹതാപവും വിശപ്പടക്കാന്‍ ആഹാരം നല്‍കുന്ന സ്രഷ്ടാവിനോടു നന്ദിബോധവും, അനിവാര്യമായും, മനസ്സില്‍ ജന്മം കൊള്ളും. അനുഭവജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം. പക്ഷേ, സമ്പന്നര്‍ ഇതെങ്ങനെ അനുഭവിക്കും? കൈയില്‍ ആഹാരമുണ്ടായിരിക്കെ ബുദ്ധിയുള്ളവരാരെങ്കിലും പട്ടിണി കിടക്കുമോ? അങ്ങനെ പട്ടിണിയാചരിക്കാന്‍ വല്ല അധികാരിയും ആജ്ഞാപിക്കുമോ? അങ്ങനെ ആജ്ഞാപിച്ചാല്‍ തന്നെ ആത്മാര്‍ത്ഥമായി ആരെങ്കിലും അത് അനുസരിക്കുമോ?

അതിനു സ്രഷ്ടാവിന്റെ നിര്‍ബന്ധാജ്ഞ തന്നെ വേണം. അവനറിയാതെ നിയമലംഘനം സാധ്യമല്ല; അവന്‍ സര്‍വ്വജ്ഞനാണല്ലോ. ലംഘനം നടത്തിയാല്‍ അവന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയുമില്ല. അവന്‍ സര്‍വ്വ ശക്തനാണല്ലോ. ഇവ്വിധത്തിലുള്ള ഒരു നിര്‍ബന്ധാജ്ഞയാണ് റംസാന്‍ വ്രതത്തിനുള്ള ആഹ്വാനം. ''വിശ്വാസികളേ നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ക്കു നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭക്തരാകുന്നതിനു വേണ്ടിയത്രെ അത്''. (വിശുദ്ധ ഖുര്‍ആന്‍ 2:183).

Mathruboomi

യാചന അപമാനമാണ്‌

ജനങ്ങളോട് ഒന്നും യാചിക്കുകയില്ലെന്ന് വല്ല വ്യക്തിയും എനിക്കു വാക്കു തന്നാല്‍ അവനു സ്വര്‍ഗമുണ്ടെന്ന് ഞാനും വാക്കു നല്‍കാം (അബൂദാവൂദ് 1643). മോഹം ദാരിദ്ര്യമാണ്, മോഹരാഹിത്യം ഐശ്വര്യമാണ് (മിശ്കാത്ത് 1856). ഒരാള്‍ തന്റെ കയറെടുത്ത് ഒരു കെട്ട് വിറക് തന്റെ ചുമലിലേറ്റി കൊണ്ടുവന്നു വില്‍പന നടത്തുകയും അതു മുഖേന അവന്റെ അഭിമാനമുഖത്തെ അല്ലാഹു സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അതാണ്, ജനങ്ങളോടു യാചിക്കുന്നതിനേക്കാള്‍ അവനുത്തമം. ജനങ്ങള്‍ അവനു നല്‍കാന്‍ സന്നദ്ധരായാലും ഇല്ലെങ്കിലും.
(ബുഖാരി 1471).
യാചന അപമാനകരമായ ഒരു സമ്പ്രദായമാണ്. യാചകരില്‍ ആവശ്യക്കാരുണ്ടാകാം. അതുകൊണ്ട് ഒരു യാചകനെയും നിരാശപ്പെടുത്താന്‍ പാടില്ല. വല്ലതും കൊടുത്തുവിടണം. യാചകനെ വിരട്ടി വിടരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട് (93:10). നബിതിരുമേനി ഒരു യാചകനെയും ശൂന്യഹസ്തനായി മടക്കി വിടാറില്ല. പക്ഷേ, തിരുമേനി യാചനയെ, സദാ, നിരുത്സാഹപ്പെടുത്തുകയും സ്വാശ്രയത്തെയും സഹനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അന്‍സ്വാറുകളിലൊരു വിഭാഗം നബിയോട് ചോദിച്ചു, അവര്‍ക്കു തിരുമേനി കൊടുത്തു. പിന്നീടൊരിക്കല്‍ കൂടി അവര്‍ ചോദിച്ചു. അപ്പോഴും തിരുമേനി കൊടുത്തു. അങ്ങനെ കൈയിലുള്ളതെല്ലാം തീര്‍ന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എന്റെ വശം എന്തുഗുണമുണ്ടെങ്കിലും, അതു നിങ്ങള്‍ക്കു തരാതെ ഞാന്‍ സൂക്ഷിച്ചു വയ്ക്കുകയില്ല. വല്ലവനും ചോദിക്കാതെ വിശുദ്ധി കാംക്ഷിച്ചാല്‍ അല്ലാഹു അവനെ വിശുദ്ധനാക്കും, വല്ലവനും സ്വാശ്രയം കൈകൊണ്ടാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും, വല്ലവനും ക്ഷമയ്ക്കു ശ്രമിച്ചാല്‍ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ക്ഷമയേക്കാള്‍ ഉത്തമവും വിശാലവുമായ ഒരനുഗ്രഹം ഒരാള്‍ക്കും ലഭിച്ചിട്ടില്ല. (ബുഖാരി 1469, മുസ്‌ലിം 1053).

ആരെങ്കിലും തന്നോടു യാചിച്ചാല്‍, ചോദിച്ചത് അയാള്‍ക്ക് മാന്യമായി നല്‍കി മേലില്‍ അയാള്‍ യാചിക്കാതിരിക്കുന്നതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കുക തിരുമേനിയുടെ പതിവായിരുന്നു. ഹകീമുബ്‌നു ഹിസാം എന്ന ശിഷ്യന്‍ ഒരിക്കല്‍ പ്രവാചകനോട് ആവശ്യമുള്ളതു ചോദിച്ചു. അതു തിരുമേനി നല്‍കി. മറ്റൊരു തവണ കൂടി അദ്ദേഹം ആവശ്യമുന്നയിച്ചു. അതു നല്‍കിക്കൊണ്ട്, തിരുമേനി അദ്ദേഹത്തോട് പറഞ്ഞു: ഓ, ഹകീം, ഈ ധനം മധുരവും മനോഹരവുമാണ്. ഉദാരമനസ്‌കകതയോടെ ആരെങ്കിലും അതു കൈപറ്റിയാല്‍ അയാള്‍ക്കു അതില്‍ അഭിവൃദ്ധിയുണ്ടാകും, വ്യാമോഹത്തോടെയാണ് അത് കൈപറ്റുന്നതെങ്കില്‍ അതില്‍ അയാള്‍ക്ക് അഭിവൃദ്ധി നല്‍കപ്പെടുകയില്ല. എത്ര തിന്നാലും വിശപ്പടങ്ങാത്തവനോട് തുല്യനാകുമവന്‍. മേല്‍കയ്യാണ് കീഴ്കയ്യേക്കാളുത്തമം. തദവസരം ഹകീം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെ സത്യവുമായി നിയോഗിച്ചയച്ച പടച്ച തമ്പുരാന്‍ തന്നെ സത്യം, ഞാന്‍, ഇനി, മരണം വരെ ഒരാളോടും ഒന്നും യാചിക്കുകയില്ല. (ബുഖാരി 1472, മുസ്‌ലിം 1035).

ഒരു ദിവസത്തെ ആഹാരത്തിനു വകയുള്ളവന്‍, ഐശ്വര്യവാനാണെന്നും, അങ്ങനെയുള്ള ഐശ്വര്യവാന്‍ യാചിക്കുന്നുവെങ്കില്‍ നരകാഗ്‌നിയില്‍ നിന്നാണ് അവന്‍ സമ്പാദിക്കുന്നതെന്നുമുള്ള തിരുമേനിയുടെ പ്രസ്താവന (അബൂദാവൂദ് 1629) യാചനയോടുള്ള വിരോധത്തെയാണ് കാണിക്കുന്നത്.

Mathruboomi

ദുര്‍വ്യയമരുത്‌

''മനുഷ്യാ, ആവശ്യം കഴിച്ചു ശിഷ്ടമുള്ളത് ആവശ്യക്കാര്‍ക്കു നല്‍കുന്നതാണ് നിനക്ക് ഉത്തമം. അതു പിടിച്ചു വയ്ക്കുന്നത് നിനക്കു ദോഷമാണ്. ആവശ്യത്തിനുപര്യാപ്തമായ അളവ് കൈവശം വയ്ക്കുന്നതിന്റെ പേരില്‍ നീ ആക്ഷേപാര്‍ഹനാവില്ല. നിന്റെ ആശ്രിതര്‍ക്കാണ് നീ ആദ്യമായി നല്‍കേണ്ടത്. മേല്‍ക്കയ്യാണ് കീഴ്കരത്തേക്കാളുത്തമം (അഥവാ കൊടുക്കുന്ന കൈയാണ് വാങ്ങുന്ന കൈയേക്കാളുത്തമം)''. (മുസ്‌ലിം 1036).
മനുഷ്യര്‍ ബുദ്ധിയിലും കായിക ശക്തിയിലും ആരോഗ്യത്തിലും സൗന്ദര്യത്തിലും വ്യത്യസ്തരാണെന്ന പോലെത്തന്നെ സാമ്പത്തിക ശേഷിയിലും വ്യത്യസ്തരാണ്. പരീക്ഷണാര്‍ത്ഥമാണ്, സ്രഷ്ടാവ് ഈ വ്യത്യാസം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദരിദ്രന്‍ ക്ഷമ പാലിക്കുമോ എന്നും ഐശ്വര്യവാന്‍ ശിഷ്ടം ആവശ്യക്കാര്‍ക്കു നല്‍കി നന്ദി രേഖപ്പെടുത്തുമോ എന്നും പരീക്ഷിക്കുവാന്‍. മനുഷ്യന്റെ ഭൗമിക നിലനില്‍പ്പിനും ഭൗതിക ജീവിതത്തിനും ആധാരമായ ധനം ആരും അമിതമായി കൈയടക്കി വയ്ക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ധനം ധനികനു വിനാശമായി ഭവിക്കും, മറ്റുള്ളവരുടെ ജീവിതം വഴിമുട്ടിപ്പോവുകയും ചെയ്യും.

വിശുദ്ധ ഖുര്‍ആനിന്റെ ചില പ്രസ്താവനകള്‍ കാണുക: ''നിങ്ങളുടെ നിലനില്‍പിനാധാരമായി അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ള നിങ്ങളുടെ ധനം അവിവേകികള്‍ക്കു കൈവിട്ടു കൊടുക്കരുത്''. (4:5). ''ചെലവഴിക്കുമ്പോള്‍ അമിതവ്യയം ചെയ്യുകയോ പിശുക്കു കാണിക്കുകയോ ചെയ്യാതെ അതിനിടക്കു മിതവ്യയം സ്വീകരിക്കുന്നവരാണ് പരമകാരുണികന്റെ ഇഷ്ടദാസന്‍മാര്‍'' (25:67). ഓ, മനുഷ്യരേ, (നഗ്‌നരോ അര്‍ദ്ധ നഗ്‌നരോ ആയിക്കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനയേ ഭക്തിപൂര്‍വ്വമാവുകയുള്ളൂവെന്ന വിശ്വാസം കൈവെടിഞ്ഞു) എല്ലാ ആരാധനാ സമയങ്ങളിലും നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ (ആവശ്യത്തിനു) തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. അമിതവ്യയം ചെയ്തു പോകരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (7:31). ''കുടുബ ബന്ധുക്കള്‍ക്കും, അഗതികള്‍ക്കും, യാത്രക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുക. ഒരു നിലക്കും ദുര്‍വ്യയം ചെയ്തു പോകരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ തീര്‍ച്ചയായും പിശാചുക്കളുടെ സഹോദരന്‍മാരാകുന്നു. പിശാചാകട്ടെ, തന്റെ രക്ഷിതാവിനോട് അത്യധികം നന്ദി കെട്ടവനായിട്ടുണ്ട്'' (17:27).

ആഹാരത്തിലും വസ്ത്രത്തിലും ഭവനത്തിലും വാഹനത്തിലും ആഭരണത്തിലും അലങ്കാരത്തിലും മിതത്വം പാലിക്കണം. ആവശ്യത്തിലുപരിയാകുമ്പോള്‍ അത് അനഭികാമ്യമായ അമിതവ്യയത്തില്‍ പെടുന്നു. അമിതവ്യയക്കാരോട് അല്ലാഹുവിന് അനിഷ്ടമാണ്. ചൂതാട്ടം, മദ്യപാനം, വ്യഭിചാരം, പരോപദ്രവം ആദിയായ അനാവശ്യങ്ങള്‍ക്കു ചിലവഴിക്കുന്നത് അഭിശപ്തമായ ധൂര്‍ത്തും ദുര്‍വ്യയവുമാണ്.

വിശുദ്ധ റംസാന്‍ മിതത്വപ്പരിശീലനത്തിനുള്ള സുവര്‍ണ്ണാവസരമാണ്. പകല്‍ നോമ്പെടുത്തു നേടിയ ശാരീരികവും മാനസികവുമായ സദ്ഫലങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിധം രാത്രി വേളകളില്‍ ആഹാര പാനീയങ്ങളില്‍ അമിതത്വം കാണിക്കാന്‍ പാടില്ല. ദുര്‍വ്യയം തീരേ ഉണ്ടാകാന്‍ പാടില്ല. പകരം നിര്‍ബന്ധമായ സകാത്തും, ഐച്ഛികമായ ദാനധര്‍മ്മങ്ങളും നല്‍കി സഹജീവികളെ സഹായിക്കണം. സഹായത്തിനു ഒന്നാം സ്ഥാനം നല്‍കേണ്ടത് ഭാര്യാ സന്താനങ്ങള്‍, മാതാപിതാക്കള്‍ മുതലായ ആശ്രിതര്‍ക്കാണ്.

Mathruboomi

മാതൃപിതൃ ബന്ധം

മാതൃപിതൃ ബന്ധം

കോടമ്പുഴ ബാവ മുസ്‌ലിയാര്‍


''ലോകനാഥന്റെ സംതൃപ്തി മാതാപിതാക്കളുടെ സംതൃപ്തിയിലും ലോകനാഥന്റെ ക്രോധം മാതാപിതാക്കളുടെ ക്രോധത്തിലും കുടികൊള്ളുന്നു'' (തുര്‍മുദി 1899). ''അല്ലാഹുവിന്റെ തിരുദൂതരേ, മാതാപിതാക്കളോട് സന്താനങ്ങള്‍ക്കുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്? എന്നൊരാള്‍ ചോദിച്ചു. 'അവര്‍ നിന്റെ സ്വര്‍ഗവും നിന്റെ നരകവുമാണ്'. എന്ന് തിരുമേനി മറുപടി നല്‍കി''. (ഇബ്‌നുമാജ 3662).

മാതാപിതാക്കള്‍ക്കു തങ്ങളുടെ സന്താനങ്ങളോടുള്ള സ്‌നേഹം അതുല്യമാണ്. അതുകൊണ്ട് തന്നെ സന്താനങ്ങള്‍ക്കു വേണ്ടിയുള്ള അവരുടെ ത്യാഗവും അതുല്യമാണ്. ദൈവകാരുണ്യത്തിനു സീമയില്ല. അതുപോലെ, മാതാപിതാക്കളുടെ സ്‌നേഹം മറ്റുള്ളവരുടെ സ്‌നേഹത്തെയപേക്ഷിച്ചു നിസ്സീമമാണ്. ദൈവ കാരുണ്യത്തിനു പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ല, പ്രത്യുപകാരമോ, പ്രതിഫലമോ ഉദ്ദേശിച്ചു കൊണ്ടുളളതല്ല അത്, അതുപോലെ, മറ്റുള്ളവരെയപേക്ഷിച്ചു, മാതാപിതാക്കളുടെ സ്‌നേഹവും, നിഷ്‌കളങ്കവും നിഷ്‌കപടവും നിസ്വാര്‍ത്ഥവുമാണ്. മാതാപിതാക്കളുടെ ത്യാഗത്തിന്റെ ആഴവും പരപ്പും പടച്ച തമ്പുരാന്‍മാത്രമേ അറിയൂ. അതുകൊണ്ട്, അവനെക്കഴിച്ചാല്‍ മനുഷ്യന് ഏറ്റവും വലിയ കടപ്പാട് മാതാപിതാക്കളോടാണുള്ളത്.

ഇക്കാരണത്താലാണ് അല്ലാഹുവോടുള്ള കടപ്പാടിനോടു ചേര്‍ത്തുകൊണ്ട് മാതാപിതാക്കളോടുള്ള കടപ്പാട് വിശുദ്ധ ഖൂര്‍ആന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ''താങ്കളുടെ രക്ഷിതാവ്, തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നും വിധിച്ചിരിക്കുന്നു. അവരിലൊരാളോ അവരിരുവരുമോ താങ്കളുടെ സമീപം, വാര്‍ദ്ധക്യം പ്രാപിക്കാനിടവന്നാല്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്, അവരോട് കയര്‍ത്തു സംസാരിക്കയുമരുത്. അവരോട് മാന്യമായ വാക്കുമാത്രം പറയണം. കാരുണ്യത്താല്‍ വിനയത്തിന്റെ ചിറക് അവര്‍ക്കു താങ്കള്‍ താഴ്ത്തി വെച്ചു കൊടുക്കണം. അവര്‍ക്കു വേണ്ടി, താങ്കള്‍, പ്രാര്‍ത്ഥിക്കുകയും ചെയ്യണം: എന്റെ നാഥാ, ഞാന്‍ കൊച്ചുകുട്ടിയായിരിക്കെ ഇവരിരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ''. (17:23-24).

കേവലമായ സംരക്ഷണമോ ഉപകാരങ്ങളോ അല്ല മാതാപിതാക്കള്‍ക്കു നല്‍കേണ്ടത്. നമ്മുടെ വീട്ടിലെ വളര്‍ത്തു മൃഗങ്ങളോടു നാം കനിവു കാണിക്കുകയും അവയ്ക്കു സംരക്ഷണം നല്‍കുകയും ചെയ്യാറുണ്ട്. അന്ധന്മാര്‍, യാചകര്‍, അഗതികള്‍ തുടങ്ങിയ സഹജീവികളോട് നാം സഹതാപം കാണിക്കുകയും അവരെ സഹായിക്കുകയും ചെയ്യാറുണ്ട്. ഈ രീതിയിലുള്ള ഒരു സംരക്ഷണമോ സഹായമോ അല്ല, മാതാപിതാക്കള്‍ക്കു നല്‍കേണ്ടത് സ്‌നേഹവിനയ ബഹുമാന സമിശ്രമായ സഹായങ്ങളും സംരക്ഷണവുമാണ് അവര്‍ക്കു നാം നല്‍കേണ്ടത്.

മാതാപിതാക്കളോടുള്ള അവഗണന ഏറ്റവും വലിയ നന്ദികേടാണ്. 'എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തുക' എന്നു വിശുദ്ധ ഖുര്‍ആന്‍ (31:14) കല്‍പിച്ചിട്ടുണ്ട്. ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവോട് നന്ദിയുള്ളവനാകില്ലെന്നു നബി തിരുമേനി പ്രസ്താവിച്ചിട്ടുമുണ്ട് (അബൂദാവൂദ് 4811, തുര്‍മുദി 1955). ചുരുക്കത്തില്‍ മാതാപിതാക്കളോടുള്ള അനുസരണം സ്വര്‍ഗപ്രവേശത്തിനും അനുസരണക്കേട് നരകപ്രവേശത്തിനും കാരണമാകും. അതുകൊണ്ടാണ് 'അവര്‍ നിന്റെ സ്വര്‍ഗവും നിന്റെ നരകവുമാണ്' എന്നു നബിതിരുമേനി പ്രസ്താവിച്ചത്.
 
Mathruboomi

Share

Twitter Delicious Facebook Digg Stumbleupon Favorites